ഐതിഹ്യങ്ങള്‍

ആദ്യകാലത്ത് ഭഗവതീ പ്രതിഷ്ഠ കിഴക്കോട്ട് അഭിമുഖമായിരുന്നു. പിന്നീട് ഇന്നുള്ളരീതിയില്‍ വടക്കോട്ട് മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. ഇതിനെ കുറിച്ചുമുള്ള ശിവക്ഷേത്രം അമ്പലത്തറയില്‍ നിന്നും മാറ്റി ഇന്നുള്ളസ്ഥാനനത്ത് പുനര്‍ നിര്‍മ്മിച്ചതിനെന കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് അരിപ്പിലാട്ട് നമ്പ്യാന്‍മാര്‍ എന്ന പ്രബലരായ ഒരു കുടുംബക്കാര്‍ താമസിച്ചിരുന്നു. ഇവര്‍ ശൂരന്‍മാരും ക്രൂരന്‍മാരുമായിരുന്നു. ഇവരുടെ ദുഷ്ചെയ്തികള്‍മൂലം പൊറുതിമുട്ടിയ സ്ഥലവാസികള്‍ കാട്ടുമാടം മനയെ ശരണം പ്രാപിച്ചു.

തന്റെ ആശ്രിതരുടെ നിരന്തരമായ അപേക്ഷയുടെ ഫലമായി നമ്പൂതിരിപ്പാട് സ്ഥലത്ത് വരികയും അക്രമപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് നമ്പ്യാന്‍മാരെ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ ഈ ഉപദേശം അവഗണിച്ചെന്നു മാത്രമല്ല അദ്ദേഹത്തെ അപമാനിക്കാന്‍ പോലും അവര്‍ തയ്യാറാവുകയാണുണ്ടായത്. ജനങ്ങളുടെ രക്ഷക്ക് അവരെ ഉന്മൂലനം ചെയ്യേണ്ടത് ആവശ്യമാണെന്ന് മനസ്സിലാക്കിയ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ ഭദ്രകാളി ബിംബം വടക്കോട്ട് അഭിമുഖമായി പുനപ്രതിഷ്ഠിച്ചു. അല്പകാലത്തിനകം കന്നിവെള്ളവും കരക്കൊറ്റിയും കയറി സമ്പത്തെല്ലാം നശിക്കുകയും നമ്പ്യാന്‍മാരില്‍ പ്രമുഖര്‍ മഹാമാരിപിടിപെട്ട് കാലഗതി പ്രാപിക്കുകയും ചെയ്തു. ശേഷിച്ചവര്‍ ഗത്യന്തമില്ലാതെ ആയുധശേഖരമെല്ലാം കിണറ്റിലിട്ടു നാടുവിട്ടു. അതിനുശേഷം ഭദ്രകാളിയുടെ ഉഗ്രശക്തിപ്രഭാവം കുറക്കാന്‍ വേണ്ടി ക്ഷേത്രകാവിനടുത്തുള്ള അമ്പലത്തറയില്‍ നിന്നും പരമശിവന്റെ ക്ഷേത്രം ഭദ്രകാളിയുടെ ഇടതുവശത്തായി ഇപ്പോഴത്തെ സ്ഥാനത്ത് മാറ്റി പ്രതിഷ്ഠിച്ചു.

ഓവില്ലാത്ത നടുമുറ്റം ഇടമുറിയാത്ത മഴയത്തുപോലും നിറഞ്ഞുകവിയാത്ത ക്ഷേത്ര നടുമുറ്റത്തിന് ഓവുകളൊന്നുമില്ല. ഭയഭക്തി ബഹുമാനനങ്ങളോടെ, അത്ഭുതത്തോടെയാണ് ഭക്തജനങ്ങള്‍ ഈ മുറ്റത്തെ നേനാക്കികാണുന്നത്. നടുമുറ്റത്തിന്റെ ഈ പ്രത്യേകതക്ക് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്.

ഒരിക്കല്‍ ഒരു അരയപ്രമാണിയുടെ മകള്‍ക്ക് അതി കഠിനമായ മാനസികരോഗം പിടിപെട്ടു. വളരെയേറെ ചികിത്സകള്‍ ചെയ്തെങ്കിലും രോഗത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല കാട്ടു മാടം നമ്പൂതിരിപ്പാട് ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുവന്ന അവസരത്തില്‍ അരയ പ്രമാണി വന്ന് . അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. രോഗിയെ വിശദമായി പരിശോധിച്ചശേഷം മന്ത്രവാദം കൊണ്ട് അദ്ദേഹം കുട്ടിയുടെ രോഗം നിശ്ശേഷം സുഖപ്പെടുത്തി. വളരെയധികം സന്തുഷ്ടനായ അരയപ്രമാണി വലിയൊരുതുക പ്രതിഫലമായി നല്‍കാന്‍ ശ്രമിച്ചു. പക്ഷേ നമ്പൂതിരിപ്പാട് പ്രതിഫലം വാങ്ങാന്‍ തയ്യാറായില്ല. നിരന്തരമായ അപേക്ഷയുടെ ഫലമായി അവസാനം അരയപ്രമാണിയുടെ മുറ്റത്ത് കാല്‍ കഴുകാന്‍ ഇട്ടിരുന്ന അമ്മിയുടെ ആകൃതിയിലുള്ള വലിയ കല്ല് തന്നാല്‍ സ്വീകരിക്കാമെന്ന് സമ്മതിച്ചു. മത്സ്യബന്ധനത്തിനിടെ തനിക്ക് ലഭിച്ചകല്ലിന് യാതൊരു പ്രാധാന്യവും കാണാതിരുന്ന അരയപ്രമാണി അത് നമ്പൂതിരിപ്പാടിന് നല്‍കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാകുമെന്ന് ഭയപ്പെട്ടു. എന്നാല്‍ നമ്പൂതിരിപ്പാട് തന്റെ നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ അരയപ്രമാണി ആദരവോടെ പ്രസ്തുതകല്ല് നമ്പൂതിരിപ്പാടിന് സമ്മാനിച്ചു.

അരയപ്രമാണി തന്റെ ഭൃത്യന്‍മാരായ രണ്ടുപേരെ വരുത്തി നമ്പൂതിരിപ്പാട് നിര്‍ദ്ദേശിക്കുന്നിടത്ത് കല്ലെത്തിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും താന്‍ തന്നെ കൊണ്ടുപോയിക്കൊള്ളാമെന്നും നമ്പൂതിരിപ്പാട് അറിയിച്ചു. അദ്ദേഹം ഉടന്‍തന്നെ തന്റെ ഉപാസനാമൂര്‍ത്തിയായ ചാത്തന്‍മാരെ വിളിച്ചു. കല്ല് ഈ ക്ഷേത്രത്തിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. അധി ഭാരമുള്ള തനി തങ്കമായ ആ അമ്മി ചാത്തന്‍മാര്‍ നമ്മുടെ ക്ഷേത്രത്തിന്റെ അഗ്രശാലയുടെ നടുമുറ്റത്ത് കൊണ്ടുവന്നിട്ടു. ക്ഷേത്രം എന്നെങ്കിലും അധോകതിയില്‍പ്പെട്ട് ഇല്ലി വാതിലും കൊള്ളിവിളക്കും ആകുന്ന അവസ്ഥവന്നാല്‍ അന്ന് ഉപകരിക്കണം എന്ന് ഉദ്ദേശിച്ചാണ് ഇവിടെ സ്വര്‍ണ്ണ അമ്മി നിക്ഷേപിച്ചത് എന്നാണ് വിശ്വാസം. ഈ സ്വര്‍ണ്ണ അമ്മി സ്ഥിതിചെയ്യുന്നതിനാലാണ് നടുമുറ്റം നിറഞ്ഞുകവിയാത്തതെന്ന് വിശ്വസിക്കപ്പെടുന്നു.

അതി വിശിഷ്ടമായ നാഗചൈതനന്യം കുടികൊള്ളുന്ന സ്ഥലമാണ്. ക്ഷേത്രത്തിനന് സമീപമുള്ള നാഗ കാവ് എന്ന് സ്വര്‍ണ്ണ പ്രശ്നവിചിന്തനത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതാണ്. സൂക്ഷമശരീരികളായ നാഗങ്ങളെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടുന്നതിനാണ് നാഗ പൂജ. ഇവരെ ഉപാസിക്കുന്നതിനുള്ള പ്രത്യേക സ്വഭാവങ്ങളോടുകൂടിയ സങ്കേതങ്ങളാണ് കാവുകള്‍. നാഗവും കാവും തമ്മിലുള്ള ബന്ധം പ്രാണനും പ്രകൃതിയും തമ്മിലുള്ള ക്ഷേത്രജ്ഞ ബന്ധം തന്നെയാണ്. അതുകൊണ്ടാണ് ക്ഷേത്രസങ്കല്‍പ്പത്തില്‍ നാഗരും നാഗ കാവും ബന്ധപ്പെട്ടും ബഹുമാനിക്കപ്പെട്ടും ഇരിക്കുന്നത്. നാഗകോപ രക്ഷക്കും ശത്രുദോഷപരിഹാരത്തിനും രോഗപീഡാ നിവാരണത്തിനും നാഗാരാധനഅത്യുത്തമമാണ്. ഈ ക്ഷേത്രത്തില്‍ കുംഭമാസത്തിലെ ആയില്യം നാളില്‍ നാഗത്തിനു കൊടുക്കല്‍ ചടങ്ങ് നടത്തപ്പെടുന്നു.