ചരിത്രം

കേരളത്തില്‍ ഉടനീളമുള്ള പ്രമുഖക്ഷേത്രങ്ങളില്‍ താന്ത്രികസ്ഥാനമുള്ള കാട്ടുമാടം മനവകയാണ് മേപ്പയ്യൂര്‍ ശ്രീകണ്ഠമനശാലാക്ഷേത്രം. പഴയ കുറുമ്പ്രനാട് താലൂക്കിലെ പ്രസിദ്ധവും പൌരാണികവുമായ ദേവീ സ്ഥാനമാണ് ഇത്. മലബാറില്‍ വടക്കോട്ട് ദര്‍ശനമായി സ്ഥിതിചെയ്യുന്ന അപൂര്‍വ്വം ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണത്രെ ഇത്. അഗ്രശാലയില്‍ പ്രതിഷ്ഠയുള്ളതും ഇവടുത്തെ പ്രത്യേകതയാണ്. മനം നെനാന്ത് ഉപാസിക്കുന്ന ഭക്തജനങ്ങള്‍ക്ക് അഭീഷ്ട വരദായിനിയായ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. പരമശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി, അയ്യപ്പന്‍, പരദേവത, ചാത്തന്‍മാര്‍, നാഗരാജാവ്, നാഗകനന്യക എന്നീ ദേവന്‍മാര്‍ക്ക് പ്രത്യേകം ശ്രീകോവിലുകളുണ്ട് . മന്ത്ര തന്ത്ര വിശാരദരായ കാട്ടുമാടം നമ്പൂതിരിമാരുടെ അധീനതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ അവരുടെ പ്രത്യക്ഷ മൂര്‍ത്തിയായ ചാത്തന്‍മാരുടെ പ്രതിഷ്ഠയുള്ളക്ഷേത്രം ഇതുമാത്രമാണ്. ഉപദേവന്‍മാരെയെല്ലാം ദേവീക്ഷേത്രത്തിന്റെ ഇടതുവശത്ത് പ്രതിഷ്ഠിച്ചിരിക്കുമ്പോള്‍ ചാത്തന്‍മാര്‍ക്ക് വലതുവശത്ത് ഉന്നതമായ ഒരു ശ്രീകോവിലില്‍ സ്ഥാനം നല്‍കിയിരിക്കുന്നതിന്റെ കാരണവും ഇതുതന്നെ. ഉത്തമ കര്‍മ്മാനുഷ്ഠാനങ്ങളാല്‍ ആരാധിക്കപ്പെടുന്നതും വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം ശ്രീകോവില്‍ തുറന്ന് ദര്‍ശനസൌഭാഗ്യം ലഭിക്കുന്നതുമായ ചാത്തന്‍മാരുടെ ഏക ദേവസ്ഥാനമാണിത്. ചാത്തന്‍മാരുടെ ശ്രീകോവില്‍ തുറക്കുന്നതും മലര്‍ നിവേദ്യം അര്‍പ്പിക്കുന്നതും കാട്ടുമാടം നമ്പൂതിരിപ്പാട് മാത്രമാണ്. പുരാതനമായ ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്ര രേഖകളന്നും ലഭ്യമല്ല. കാലപ്പഴക്കം നിര്‍ണ്ണയാതീതമാണെന്നാണ് സ്വര്‍ണ്ണപ്രശ്നത്തില്‍ വിധിയുണ്ടായത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്താണ് ക്ഷേത്രക്കാവ്. ശിവക്ഷേത്രം ഇവിടെയായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. അമ്പലത്തറ എന്ന ഈ സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.