ക്ഷേത്രാരാധനാ രീതി

ക്ഷേത്രാരാധനാ രീതിയിലൂടെയാണ് മനുഷ്യ ജീവിതം ഉദാത്തവും ഉത്കൃഷ്ടവുമായിത്തീരുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം സര്‍വ്വസമര്‍പ്പണം നടത്താനുള്ളകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. നാം ആരാധനക്കായി ഒത്തൊരുമിക്കുന്നതും ക്ഷേത്രങ്ങളാണ് സ്നാനം, ഭസ്മധാരണം, പ്രദക്ഷിണം, ദര്‍ശനം, വന്ദനം എന്നിവയാണ് ആരാധകന്റെ ഉപചാരങ്ങള്‍. ശരീരശുദ്ധി, വസ്ത്രശുദ്ധി, ആഹാരശുദ്ധി, മന: ശുദ്ധി, സംഭാഷണശുദ്ധി,എന്നീ പഞ്ചശുദ്ധിയോടെയാകണം ക്ഷേത്രദര്‍ശനം. അതായത് ബാഹ്യ ശുദ്ധിക്കുശേഷം മാത്രമേ ആദ്ധ്യാത്മിക കാര്യം ആരംഭിക്കാവൂ. ഇതിനുള്ള ആദ്യചടങ്ങാണ് സ്നാനം. ഉത്സവാന്തരം ദേവന്‍ ആറാട്ടുനടത്തുന്ന ക്ഷേത്രക്കുളം പവിത്രമായ ഒരു തീര്‍ത്ഥമാണ്. അതിലാണ് ഭക്തന്‍മാര്‍ ദേഹശുദ്ധി വരുത്തേണ്ടത്.

ജലസ്നാനത്തിനു ശേഷം ആഗ്നേയസ്നാനമായ ഭസ്മധാരണം നടത്തുന്നു. ഭസ്മധാരണത്തിനു ശേഷം ദേവനെ കേന്ദ്രബിന്ദുവാക്കി ക്ഷേത്രത്തെ വലംവെക്കവുന്നതാണ് പ്രദക്ഷിണം. സര്‍വ്വഭയങ്ങളേയും നശിപ്പിക്കുന്ന പ്ര എന്ന അക്ഷരവും മോക്ഷദായകമായ ദ എന്ന അക്ഷരവും രോഗനാശകമായ ക്ഷ എന്ന അക്ഷരവും ഐശ്വര്യ പ്രദമായ ണ എന്ന അക്ഷരവും കൂടിച്ചേര്‍ന്നുണ്ടാകുന്ന പദമത്രേ പ്രദക്ഷിണം. ഹൃദയത്തെ ഒരു താമരപ്പൂവായും പഞ്ചേന്ദ്രിയങ്ങളെയും പഞ്ചഭൂതങ്ങളെയും രണ്ട് കൈകളായും വിഭാവനം ചെയ്ത്, ഇരു കൈകളും നെഞ്ചോട് ചേര്‍ത്ത്, ഒരു താമരമൊട്ടുപോലെ കൂപ്പിക്കൊണ്ടും അതാത് ദേവന്റെ സ്തോത്രങ്ങള്‍ ദേവന്റെ രൂപം മനസ്സില്‍ ധ്യാനിച്ചുകൊണ്ടുമാകണം പ്രദക്ഷിണം ചെയ്യേണ്ടത്. പ്രദക്ഷിണ ശേഷം നടയ്ക്കല്‍ എത്തിയാല്‍ ഭക്തന്‍മാര്‍ ഈശ്വരദര്‍ശനം നേടുന്നു. അതോടൊപ്പം നടക്കേണ്ടതാണ് വന്ദനവും. കൈത്തലങ്ങള്‍ ചേര്‍ത്ത് ഒരു താമരമൊട്ടിന്റെ ആകൃതിയില്‍ ദേഹമദ്ധ്യത്തില്‍ xഹൃദയത്തിനേനാടടുത്തോ തലമുകളിലോ പിടിച്ചായിരിക്കണം വന്ദനം. തികഞ്ഞ അദ്വൈതഭാവമായിരിക്കണം വന്ദനസമയത്ത് ഉണ്ടായിരിക്കേണ്ടത്.അഥവാ ഞാനും നീയും ഒന്ന് എന്ന ഭാവം. വന്ദനം കഴിഞ്ഞാല്‍ നാം നമസ്കരിക്കണം. ഒരു ദണ്ഡുപോലെ നിലംപതിച്ച് ചെയ്യുന്നതാണ് ദണ്ഡനമസ്കാരം. നെഞ്ച്, ശിരസ്സ്, വാക്ക്, മനസ്സ്, അഞ്ജലി, കണ്ണുകള്‍, മുട്ടുകള്‍, പാദങ്ങള്‍ എന്നീ എട്ട് അവയവങ്ങളും ഭൂമിയില്‍ സ്പര്‍ശിക്കണം. സ്ത്രീകള്‍ക്ക് പഞ്ചാംഗനമസ്കാരം മതി.

ശ്രീകണ്ഠമനശാലാക്ഷേത്രത്തിന്റെ ദര്‍ശനം വടക്കോട്ടാണ്. ക്ഷേത്രത്തിന്റെ മുന്നിലുള്ള തീര്‍ത്ഥകുളത്തിലിറങ്ങി ശരീരശുദ്ധി വരുത്തി വേണം ആരാധനക്കുള്ള ഏതൊരു ഭക്തന്റെയും ആഗമനം. തുടര്‍ന്ന് ആലിനെ പ്രദക്ഷിണം ചെയ്യണം. ഈ പ്രദക്ഷിണം നമ്മുടെ സപ്തശരീരങ്ങളിലും പ്രാണോര്‍ജ്ജം നിറക്കുന്നു. മൂലത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും എന്ന് സങ്കല്‍പ്പം. ആലില്‍നിന്നാണ് ഈശ്യരചൈതന്യം തുടങ്ങുന്നത്. തുടര്‍ന്ന് ദേവിയെ മനസ്സാധ്യാനിച്ചു കൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിച്ച് ദേവിയുടെ തിരുമുമ്പിലെത്തി നമസ്കരിക്കണം. തിരുമുമ്പില്‍ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ അല്‍പ്പം മാറി നിന്ന് തൊഴണം. പിന്നീട് പ്രദക്ഷിണം. പ്രദക്ഷിണ മാര്‍ഗത്തില്‍ ആദ്യം ശിവന്റെ ശ്രീകോവിലിനു മുന്നിലെത്തി തൊഴുത് ശ്രീകോവിലിന് വടക്കു ഭാഗത്തുള്ള അഭിഷേക ജലം ഒഴുകിപോകുന്ന ഓവുവരെയുള്ള മുക്കാല്‍ ഭാഗം വലം വെക്കണം. അവിടെ താഴികക്കുടം x നേനക്കി തിരിച്ച് സുബ്രഹ്മണ്യ ക്ഷേത്രം വലംവെച്ച് ശ്രീകോവിലിനു മുന്നിലെത്തി തൊഴണം.പിന്നീട് തിരിച്ച് ഗണപതി, അയ്യപ്പന്‍, പരദേവത എന്നീ ഉപദേവന്മാരൂടെ ക്ഷേത്രം വലംവെച്ച് ആദ്യം പരദേവതയുടേയും തുടര്‍ന്ന് അയ്യപ്പന്‍, ഗണപതി എന്നി ദേവന്മാരുടേയും ശ്രീകോവിലുകള്‍ക്ക് മുന്‍പിലെത്തി തൊഴണം.അതിനുശേഷം വീണ്ടും ദേവിയുടെ തിരുമുമ്പിലെത്തി തൊഴുമ്പോള്‍ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി വണങ്ങുന്നതോടെ ഓരോ ഭക്തനും യഥാശക്തി ദേവീ സന്നിധിയില്‍ കാണിക്കയര്‍പ്പിക്കണം. ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള അഗ്രശാലയുടെ മുകളിലാണ് ചാത്തന്മാരുടെ ശ്രീകോവില്‍ സ്ഥിതിചെയ്യുന്നത്. ഭക്തന്മാര്‍ ചാത്തന്മാരുടെ ശ്രികോവിലിന് മുന്നിലെത്തി തൊഴുത് കാണിക്കയര്‍പ്പിച്ച ശേഷം ദേവീസന്നിധിയില്‍ തിരിച്ചെത്തി മേല്‍ശാന്തിക്ക് ദക്ഷിണ നല്‍കി തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കണം