പുനരുദ്ധാരണ പ്രവര്‍ത്തനനങ്ങള്‍

പുരാതനകാലം മുതല്‍ ഭക്തജനങ്ങളുടെ അഭയ സ്ഥാനവും ദുഖിതരുടെ ആശ്വാസ കേന്ദ്രവും സ്ര്‍വ്വോപരി ഈ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രവവമായി വര്‍ത്തിച്ചു. ക്ഷേത്രം കാലത്തിന്റെ മഹാ പ്രവാഹത്തില്‍പ്പെട്ട് അനാഥമായി ഏതാനും ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ മാത്രമായി അവശേഷിച്ചു. ഗ്രാമ സൌഭാഗ്യത്തിന്റെ താഴികക്കുടം തകര്‍ന്നുവീണു. ശ്രീലകത്ത് വെളിച്ചം കണ്ണടച്ചു. സനാതന ധര്‍മ്മത്തിന്റെ സംസ്കൃതി തമസ്സില്‍ മറഞ്ഞു. ഏകദേശം കാല്‍ നൂറ്റാണ്ട് കാലം അനാഥമായികിടന്ന ക്ഷേത്രത്തിന്റെ വിലപിടിച്ച ഇളകുന്ന മുതലുകള്‍ മുഴുവന്‍ നഷ്ടപ്പെട്ടു. ക്ഷേത്രപറമ്പില്‍ ക്ഷേത്രം സ്ഥലം ഒഴികെയുള്ള സ്ഥലം മുഴുവന്‍ കൈമാറ്റം ചെയ്യപ്പെട്ടു

മനംനെനാന്ത ഭക്തജനങ്ങള്‍ ക്ഷേത്രപുനരുദ്ധാരണത്തിനായി ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെല്ലങ്കിലും നിത്യപൂജാകര്‍മ്മങ്ങള്‍ തുടര്‍ന്ന് പോകാന്‍ കഴിഞ്ഞില്ല. അടിത്തറയുള്ള ഒരു സംഘടനയുടെ കീഴില്‍ മാത്രമെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂഎന്ന് ബോദ്ധ്യമായ പ്രവര്‍ത്തകര്‍ 1975 നവംബര്‍ 26-ന് അഭിവന്ദ്യഗുരുസ്വാമി പി.എസ്. നാരായണന്‍ നായരുടെ അദ്ധ്യക്ഷതയില്‍ സമീപവാസികളായ ഭക്തജനങ്ങളുടെ ഒരു യോഗം സംഘടിപ്പിക്കുകയും ക്ഷേത്രം കേന്ദ്രമാക്കി അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ ഒരു ശാഖ രൂപീകരിക്കുകയും ചെയ്തു. 1976-ല്‍ ശ്രീ. കെ.രാഘവന്‍ അടിയോടിമാസ്റ്ററുടെ നേനതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം ശ്രീ കാട്ടുമാടം നാരായണന്‍ നമ്പൂതിരിപ്പാടിനെന സമീപിച്ച് അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ നേനതൃത്വത്തില്‍ ക്ഷേത്രം ഏറ്റെടുത്ത് നടത്താന്‍ ഭക്തജനങ്ങള്‍ തയ്യാറാണെന്ന് അറിയിക്കുകയും കമ്മറ്റിക്ക് വിട്ടുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തല്‍ഫലമായി 1976 നവംബര്‍ 23-ന് നമ്പൂതിരിപ്പാട് ക്ഷേത്രത്തില്‍ വന്ന്, ക്ഷേത്രവും അവശേഷിച്ചിരുന്ന വിളക്കുകള്‍ പൂജാപാത്രങ്ങള്‍ തുടങ്ങിയവയും നടത്തിപ്പിനായി കമ്മറ്റിയെ ഏല്‍പ്പിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ചപ്രകാരം ഇടിഞ്ഞുവീണ് തുടങ്ങിയ പത്തായപുരയും അറയും ലേലം ചെയ്ത് വില്‍ക്കുകയും ആ സംഖ്യകൊണ്ട് ശ്രീകോവിലിന്റെയും അഗ്രശാലയുടെയും അത്യാവശ്യമായിരുന്ന അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. ക്ഷേത്രം വക സ്വത്തുക്കളോ വരുമാനമാര്‍ഗങ്ങളോ ഇല്ലാതിരുന്നതിനാല്‍ സമീപവാസികളായ ഭക്തജനങ്ങളില്‍ നിന്നും മാസം തോറും നിശ്ചിത സംഖ്യവാങ്ങിയും പൂജക്കുറിനടത്തിയുമായിരുന്നു ആകാലങ്ങളില്‍ ക്ഷേത്രത്തിലെ നിത്യനിദാനകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്.

ഇതിനിടയിലാണ് 1986ലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. ഭക്തജനങ്ങളുടെ ആഗ്രഹപ്രകാരം ക്ഷേത്രത്തില്‍ നടത്തിയ താംബൂലപ്രശ്നത്തെ തുടര്‍ന്ന് 1987 ജൂണ്‍ മാസത്തില്‍ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നവീകരണ കലശം നടത്തുകയുണ്ടായി. അതിനുശേഷം ക്ഷേത്രം ക്രമേണ പുരോഗമിക്കുകയായിരുന്നു. ക്ഷേത്ര നടത്തിപ്പില്‍ സന്തുഷ്ടനായ ശ്രീ നമ്പൂതിരിപ്പാട് 1998-ല്‍ ക്ഷേത്രം, ക്ഷേത്രക്കുളം, കാവ്, അമ്പലത്തറ തുടങ്ങി കൈമാറ്റം ചെയ്യപ്പെടാത്തസ്ഥലവും വസ്തുക്കളുമെല്ലാം ക്ഷേത്രകമ്മറ്റിക്ക് വിട്ടുതരികയുണ്ടായി. ക്ഷേത്രത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി 1989-ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം ക്ഷേത്രപരിപാലനകമ്മറ്റി റജിസ്റ്റര്‍ ചെയ്തു. (റജി.നമ്പര്‍ 245/89)

ഭക്തജനങ്ങളുടെ ചിരകാലസ്വപ്നമായിരുന്ന ക്ഷേത്രത്തിലെ അഷ്ടമംഗല്യപ്രശ്നം 1998-ല്‍ ശ്രീ ടി വി ശൂലപാണി വാരിയര്‍ , പ്രൊഫ.പി ഗോവിന്ദന്‍ നമ്പീശന്‍ എന്നിവരുടെ നേനതൃത്വത്തില്‍ നടത്തുകയുണ്ടായി. നവീകരണകലശം ഭഗവതിക്കും ഉപദേവന്‍മാര്‍ക്കും, അഷ്ടബന്ധകലശം സുബ്രഹ്മണ്യന്‍, ഗണപതി, എന്നീ ദേവതകളുടെ പുന:പ്രതിഷ്ഠ തുടങ്ങിയവ നടത്തണമെന്നായിരുന്നു. പ്രശ്നവിധി. നാഗകാവിന്റെ പുനരുദ്ധാരണവും, തീര്‍ത്ഥകുളത്തിന്റെ നവീകരണവും പൂര്‍ത്തിയാക്കണമെന്നും വിധിയുണ്ടായി. ഭക്തജനങ്ങളുടെ ചിരകാലാഭിലാഷത്തിന് പൂര്‍ത്തീകരണമായി 2002 ഏപ്രില്‍ മാസത്തില്‍ നവീകരണ കലശവും പുന:പ്രതിഷ്ഠാമഹോത്സവവും നടത്തപ്പെട്ടു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് നേനതൃത്വം നല്‍കി. ഭക്തജനങ്ങളുടെ ഏക മനസ്സായപ്രവര്‍ത്തനം ഈ മഹദ്സംരംഭത്തെ പൂര്‍ണ്ണവിജയമാക്കിതീര്‍ത്തു. അസാധ്യമെന്ന് കരുതിയിരുന്ന നവീകരണചടങ്ങുകള്‍ സുസാധ്യമായതോടെ ഭക്തജനഹൃദയങ്ങള്‍ കുളിരണിഞ്ഞു. ക്ഷേത്ര സംരക്ഷകരായ ചാത്തന്‍മാരുടെ വിഗ്രഹം പുന:പ്രതിഷ്ഠിക്കുകയും ക്ഷേത്രകാവിന്റെ നവീകരണങ്ങള്‍ നടത്തി നാഗരാജാവ്, നാഗകന്യക, ചിത്രകൂടം എന്നീ പ്രതിഷ്ഠകള്‍ നടത്തുകയും ചെയ്തതോടുകൂടി ദേവ ചൈതന്യം ശതഗുണീഭവിച്ചു

ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2008 ഏപ്രില്‍ 20-ന് ആരംഭിച്ചു. 2011 ഏപ്രില്‍ 19ന് നവീകരിച്ച തീര്‍ത്ഥക്കുളം ദേവിക്ക് സമര്‍പ്പിക്കും.