വിശേഷപൂജകള്‍

ഓരോമാസത്തേയും കാര്‍ത്തിക നാളില്‍ കാര്‍ത്തിക പൂജയും തിരുവോണനാളില്‍ വിഷ്ണുപ്രീതിക്കായി തിരുവോണാരാധനയും വെളുത്തപക്ഷത്തിലെ ഷഷ്ഠിദിനത്തില്‍ സുബ്രഹ്മണ്യ പ്രീതിക്കായി ഷഷ്ഠിപൂജയും നടത്തുന്നു. നാഗകോപ രക്ഷയ്ക്കും ശത്രുദോഷപരിപാലനത്തിനും സന്താന സൌഭാഗ്യത്തിനുമായി എല്ലാ മാസവും ആയില്യപൂജയും നടത്തുന്നു. വിജയദശമി നാളില്‍ വിദ്യാവിജയത്തിനായി വിദ്യാപൂജ നടത്തുന്നു. കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഗണപതി ഹോമവും ഈശ്വര സേവയും നടത്താറുണ്ട്.

പായസഹോമം‍

നാഗഹിംസാദിപാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തകര്‍മ്മമാണ് പായസഹോമം.

സര്‍പ്പബലി‍

നാഗാരാധനയില്‍ അതിപ്രധാന കര്‍മ്മമായ സര്‍പ്പബലി പ്രപഞ്ചത്തിലെ മുഴുവന്‍ സര്‍പ്പങ്ങള്‍ക്കും ഹവിസ് തൂകുന്ന കര്‍മ്മമാണ്. സന്താന സൌഭാഗ്യം, മാറാ രോഗങ്ങളില്‍ നിന്നുള്ള മുക്തി, സാമ്പത്തിക ഭദ്രത, കുടുംബ സൌഖ്യം, ഐശ്വര്യം എന്നിവയാണ് ഫലം. ശ്രീ പാതിരികുന്നത്ത്മന കൃഷ്ണകുമാര്‍ നമ്പൂതിരിപ്പാടാണ് സര്‍പ്പബലി നടത്തുന്നത്.

മലര്‍നിവേദ്യം

കലികാല ദുരിതങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ശമനം തരുന്ന ദേവതകളായ ചാത്തന്‍മാരുടെ പ്രധാന വഴിപാടായ മലര്‍നിവേദ്യം ഗൃഹത്തില്‍ സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്കും ഇഷ്ട കാര്യസിദ്ധിക്കും ശത്രുബാധാദോഷപരിഹാരത്തിനും രോഗശാന്തിക്കും ഉത്തമമായി വിധിക്കപ്പെടുന്നു. കാട്ടുമാടം നമ്പൂതിരിപ്പാട് വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രത്തില്‍ എത്തി നിര്‍വ്വഹിക്കുന്ന ചടങ്ങാണിത്. ശനിദോഷപരിഹാരമായി ചാത്തന്‍മാര്‍ക്ക് xനെനയ്വിളക്ക് കത്തിക്കുക, കറുത്തപട്ട് സമര്‍പ്പിക്കുക എന്നിവ ഉത്തമമായി കണക്കാക്കപ്പെടുന്നു.

ഭഗവതിക്ക് ഗുരുതി‍

ദേവീപ്രീതിക്കുള്ള അതി പ്രധാനമായ ഈ ചടങ്ങും വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രം തന്ത്രിയാണ് നിര്‍വ്വഹിക്കുന്നത്.

ഉത്സവങ്ങള്‍‍

കുംഭമാസത്തിലെ പൂയ്യം നാളിലാണ് ദേവിയുടെ ആറാട്ട്. അതോടനുബന്ധിച്ച് 8 ദിവസത്തെ ആറാട്ട് മഹോത്സവം നടത്തപ്പെടുന്നു. കാര്‍ത്തികനാളില്‍ കൊടിയേറി ആയില്യം നാളില്‍ കാലത്ത് നാഗത്തിനുകൊടുക്കല്‍ ചടങ്ങോടെയാണ് ഉത്സവം സമാപിക്കുന്നത്. വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍ ഉത്സവാഘോഷത്തിന്റെ ഭാഗമായി തുടര്‍ന്നുവരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഷ്ഠാനപരമായ പ്രാതിനിധ്യം നല്‍കുന്നവയാണ് ചടങ്ങുകള്‍ ഏപ്രില്‍ 19ന് പുന: പ്രതിഷ്ഠാ ദിനാഘോഷവും ഏപ്രില്‍ 20ന് ചാത്തന്‍മാരുടെ നടതുറപ്പ് മഹോത്സവവും നടത്തപ്പെടുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തില്‍ എത്തിയാണ് ചാത്തന്‍മാരുടെ നടതുറന്ന് മലര്‍ നിവേദ്യം അര്‍പ്പിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ദര്‍ശന സൌഭാഗ്യം ലഭിക്കുന്നതും ഉത്തമ കര്‍മ്മാനുഷ്ഠാനങ്ങളില്‍ ആരാധിക്കപ്പെടുന്നതുമായ ചാത്തന്‍മാരുടെ ഏക ദേവ സ്ഥാനമാണ് ഈ ക്ഷേത്രം.